Friday, June 25, 2010

ഞാനും, ശാലിനിയും, ഭ്രാന്തും


മലഞ്ചെരുവിലെ
വളഞ്ഞു പുളഞ്ഞ മണ്പാതയിലൂടെ
ഭയപ്പെടുത്തുന്ന വേഗത്തില്‍
പാഞ്ഞുപോകുന്നു ഒരു കുതിര.
സവാരി ചെയ്യുന്നത്; ഒരാണും പെണ്ണും.
കത്തുന്ന ഉടയാടകളാല്‍ ,
വിണ്ണും മണ്ണും പൊതിഞ്ഞെടുത്ത്,
നിശ്വാസങ്ങളാല്‍ ജലം കുത്തിയിളക്കി ചുഴറ്റിയെറിഞ്ഞ്
ഭ്രാന്തും, ശാലിനിയും.


പാട്ടുരായ്ക്കല്‍ ജന്‍ഗ്ഷനില്‍നിന്നും നിന്നും
പുഷ്പാംഗദന്‍ പായുകയാണ്,
ഷൊര്‍ണ്ണൂര്‍ റോഡിലെ കോവിലകം
സമയം പതിനൊന്ന്
അരമണിക്കൂര്‍ കഴിഞ്ഞാല്‍,
വേണാട് ത്രിശ്ശൂരെത്തും
അല്‍ത്തൂസര്‍ ഇറങ്ങും.
എന്തെങ്കിലും മിണ്ടിപ്പറയണമെങ്കില്‍
രണ്ടെണ്ണം വിടണം.


ഈ ഉരുണ്ടുപോകുന്ന നിഴല്‍
എന്താണ്,
പുളയുന്ന ചാട്ടവാര്‍
നിന്റെ പുറം തുളച്ച്
നെഞ്ചു തിണര്‍പ്പിച്ചുവോ
മരച്ചക്രങ്ങള്‍ വരഞ്ഞു കീറുന്ന ചാലുകള്‍
നമ്മുടെ ജീവിതം ഉരഞ്ഞുപോയ വടുക്കള്‍.
ശാലിനീ, നിന്നെ ഞാന്‍ കൊല്ലുന്നത്
നിന്നെ ഈ നുകത്തില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ മാത്രം പ്രിയേ..

പീറ്റരേട്ടന്റെ ഗാനമേള തകര്‍ക്കുകയാണ്.
ഒരു പെഗ്ഗിനു ഒരു പാട്ട്.
കോവിലകത്തിന്റെ കൌണ്ടര്‍ മേള.
ഇനി എത്രനാള്‍ നീ ഇങ്ങിനെ പാടും..
ഉരുകിയിറങ്ങുകയാണ്,
അസ്ഥി പിളര്‍ക്കുന്ന സംഗീതലായനി.


ഈ കുതിരയുടെ നിറമെന്താണ്?
വെള്ള.
ഫ.. കൂത്ത്തിച്ചീ, ഇതിനെ കറുപ്പിക്കെടീ
അപ്പോള്‍, കൂന്തല ഭാരം അഴിച്ചുവിതറി,
ഭ്രാന്തിന്റെ കണ്ണുകളില്‍ ജാലവിദ്യാ പ്രഹരം,
കുതിര ഒറ്റയടിക്ക് കറുത്തു


തിരിച്ചു പായുമ്പോള്‍, കേട്ടു,
പൂങ്കുന്നം ട്രാക്കില്‍ ഒരു പെണ്ണിന്റെ ശവം ചാക്കുകെട്ടില്‍ .
ശാലിനിയും അവളുടെ ലാപ് ടോപ്പും. കോപ്പ്.
സഹിക്കവയ്യാതെ കൊന്നു ചാക്കില്‍ കെട്ടിയതാണ്‌ കൂട്ടരേ.
അല്ലെങ്കില്‍ അവളെന്നെ പ്രണയിച്ചു കൊല്ലും.
കട്ടായം.


വൈകി.
അഴിക്കോടന്‍ മന്ദിരത്തിനു മുന്നില്‍ ഓട്ടോറിക്ഷ ഇറങ്ങി
ആടിയാടി നില്‍ക്കുന്നുണ്ടായിരിക്കും അള്‍ത്തൂസര്‍ .
വേണ്ട, ഇനി കാണണ്ട..
സ്വാമീ, ഈയ്യെമ്മസ്സും എകെജിയും ജനിച്ച നാടാണിത്..
ങ്ങള് വന്നില്ലെങ്കിലും ഇന്നാട്ടില് ചെങ്കൊടി പാറും.


അപ്പൊ, ഭ്രാന്തെ,
കുതിരസ്സവാരി കഴിഞ്ഞാല്‍
ലോഡ്ജിലേക്ക് വരണം.
നമുക്കൊന്ന് കൂടണം.
താമര കാറ്റില്‍ നൃത്തം ചെയ്യുന്നപോലെ
തണ്ടോടിയാതെ, നമുക്കൊന്ന് ആടണം.
നിന്റെ ഉള്ളിലൂടെ മൃദുവായി നെടുകെ വലിച്ച
മൃണാളം എടുക്കാന്‍ മറക്കരുത്.
ആ നൂലില്ലെങ്കില്‍ നാം ഒടിഞ്ഞു വീഴും...
ശാലിനിയുടെ ചപ്പാത്തിയും ബീഫും ഡിന്നര്‍.

നീയില്ലാതെ എന്താഘോഷം..

മേലാനേ..
മാടമ്പിയുടെ വിളി.
ബ്ലും. എന്റമ്മേ,,
തിരിഞ്ഞതും വീണത്‌ കുളത്തിലേക്ക്.
നന്നായി.
ഉണര്‍ച്ചയും കുളിയും ഒന്നായി.
അപ്പോള്‍ ഇന്നലെ ഉറങ്ങിയത്
കൂപ്പിന്മേലായിരുന്നു.


അടുക്കളയില്‍ നിന്നും
അകംപുറം വെന്ത് പുറത്തേക്ക് പ്രവഹിക്കുന്നു,
ശാലിനിയുടെ മണം,

തിമര്‍ത്തുപെയ്യുന്ന മഴയില്‍
ചേമ്പില പിടിച്ച്, പുസ്തകക്കെട്ടു മാറോടു ചേര്‍ത്ത്
ചളിവെള്ളത്തിലൂടെ നടന്നുപോകുന്ന
രണ്ടു കുട്ടികള്‍.
മനപ്പടി പിന്നിടുമ്പോള്‍,
മെലിഞ്ഞുണങ്ങിയ കുട്ടി
ഏട്ടനോട് പറയുന്നു,
ഏട്ടാ, ദോശയുടെ മണം.
നമുക്ക് കേറി ചോയ്ചാലോ..?

അടുക്കളയിലെ നിനക്ക് വേഗത കൂടുതലാണ്.

നിന്റെ സാമ്രാജ്യത്തിലെ
ചിതല്‍പുറ്റുകള്‍ കാണുന്നില്ലേ..
കണ്ണിലേക്കു വലിച്ചുകെട്ടുന്ന ചിലന്തിവലകള്‍,
പുസ്തകപ്പെട്ടിയിലേക്ക് നടന്നു നീങ്ങുന്ന മറവിയുടെ കാലുകള്‍.

ഒറ്റ രാത്രികൊണ്ട്‌
മുറ്റത്തെ കരിങ്കൂവളത്തിന്റെ
നെഞ്ഞൂക്ക് എവിടെപ്പോയി..?

ശാലിനീ,
നീ പ്രഭാതത്തെ പ്രഭാവലയമുടുപ്പിക്കുന്നു.
ഉച്ച്ചയിലേക്ക് മുറുകുന്ന വെളിച്ചത്തെ
വര്ത്തമാനത്ത്തിലേക്ക് നീ ഭാഷാന്തരം ചെയ്യുമ്പോള്‍,
അതിനിടയില്‍, ഞാനൊന്ന് മരിച്ചെഴുന്നെല്‍ക്കും,
മടുപ്പിക്കുന്ന മധ്യാഹ്നത്തില്‍
നമുക്ക് വെറുതെ,
അപ്പോള്‍ ഉണര്‍ന്നു കിടക്കുംപോല്‍,
അനന്തമായ ഇരുട്ടിനെക്കുറിച്ചല്ലാതെ
ഓരോന്ന് പറഞ്ഞു കിടക്കണം.

എന്താണമ്മേ, ഇത്ര രാവിലെ തന്നെ മുഖത്ത് വെള്ളമോഴിക്കുന്നത്,
ഇന്ന് പരീക്ഷയോന്നുമില്ലല്ലോ..
ഇന്നോന്നാന്തീയതിയാണ്, എണീറ്റ്‌ കുളിച്ചു അമ്പലത്തില്‍ പോ,
.......ഗര്‍ഭസ്ഥനായി ഭുവി ജനിച്ചും മരിച്ചുമുദ ,
കപ്പോള പോലെ ജനനന്ത്യേന നിത്യ ഗതി ...


ഇറായിലേക്ക് ചരിഞ്ഞു വീണ നിഴലുകള്‍
നമ്മുടെ സ്വകാര്യതയിലേക്ക്
ചാഞ്ഞുകിടന്നു നോക്കുകയാണ്.

സുമിത്രേ, നമുക്കും പോയി നോക്കാം,
മേലെ കിണറ്റില്‍ ഒരു പെണ്ണിന്റെ ശവം പൊന്തിയുണ്ടതത്രേ
എനിക്ക് പേടിയാണ്, നീ പൊയ്ക്കോ.
എങ്കില്‍ വേണ്ട, ഞാനും പോകുന്നില്ല.
നമുക്ക് കളിക്കാം, വാ.
നീ ഒളിക്കു, ഞാന്‍ കണ്ടുപിടിക്കാം.


ഇനിയും എത്ര നേരം നാം കാത്തിരിക്കണം,
ഇവിടെ, ഈ നശിച്ച ഇരുട്ടിന്റെ
ചിറകിനുള്ളില്‍..
ശാലിനീ, നിന്റെ ആദ്യത്തെ അബോര്‍ഷന്‍ ഓര്‍ക്കുന്നുവോ നീ..
ചോര ഒളിപ്പിച്ചു നീ തറയില്‍ ബോധമില്ലാതെ കിടക്കുന്ന
ഒരു ചിത്രം
എന്റെ ബോധത്തില്‍ ഇപ്പോഴും ഇളകിയാടുന്നുണ്ട്.
ആശുപത്രിയില്‍ കണ്ണുതുറന്ന നീ
ആദ്യം മിണ്ടിയത്‌ എന്താനെന്നോര്‍മ്മയുണ്ടോ..?
നമ്മുടെ വീടിന്റെ പേര് മാറ്റണം എന്ന്.
മരിച്ചവരുടെ വീട് എന്നായിരുന്നല്ലോ അതിന്റെ പേര്.
എന്നിട്ട് നമ്മള്‍ പേര് മാറ്റിയോ..?
ഓര്‍ക്കുന്നില്ല ഞാന്‍.
ഇപ്പോള്‍ നമ്മുടെ വീടിന്റെ പേരെന്താണ്..?
ഓ.. ആ വീട് നമ്മള്‍ മാറിയല്ലോ അല്ലെ..?
നമ്മള്‍ വീട് ഒഴിയുന്നത് എത്ര വേഗത്തിലാണ്.
ഇതിപ്പോ എത്രാമത്തെ വീടാണ് നമ്മുടെ..?
നമ്മുടെയോ..?
നമുക്ക് വീടുണ്ടോ..?
ന്നാം രണ്ടു വീടുകളല്ലേ..?
പരസ്പരം ഇണചേരുകയും,
ഇഴപിരിയുകയും,
വഴിപിരിയുകയും,
ആകര്‍ഷിക്കുകയും
വികര്‍ഷിക്കുകയും
ചെയ്തുകൊന്ടെയിരിക്കുന്ന
രണ്ടു വീടുകള്‍.
അകം നിറയെ
ഇരുട്ടും,
വെളിച്ചവും,
നിഴലും,
മൌനവും,
ശബ്ദവും,
ചിരിയും
കരച്ചിലും
എല്ലാം
കെട്ടിമറിയുന്ന
രണ്ടു വീടുകള്‍.
ഓട്ടിന്‍ പുറത്ത് മഴത്തുള്ളികള്‍
വീഴുംപോലെയാണ്
വിചാരങ്ങള്‍
കലഹിക്കുന്നതിന്റെ ശബ്ദം.
ചറപറ.
ശാലിനീ,
നാം കാത്തിരിക്കുന്ന നിഴല്‍, ഇതാ അടുത്ത് വരുന്നുണ്ട്.
നോക്കൂ, എത്ര മന്ദം, ലാസ്യം, ആ ചുവടുകള്‍.
ഇരയെ ചൂടോടെ ഭക്ഷിക്കുവാന്‍,
പല്ലും നഖവും
ഒരുക്കിക്കോളൂ..

3.7.2010

ശാലിനീ,
ആ മുടിയൊന്ന് കെട്ടി വെയ്ക്കൂ.
അതിങ്ങന്നെ മുഖത്ത് പാറിവീഴുംപോള്‍,
ഞാന്‍ പ്രണയത്താല്‍
വിവശനാവുകയാണ്.
നിന്നിലൂടെ വീശിയടിക്കുന്ന
പരപുരുഷ ഗന്ധം
എന്നെയും ഉന്മത്തനാക്കാന്‍ തുടങ്ങിയിരിക്കുന്നു.
നാം തമ്മില്‍ ഇണ ചേരുമ്പോള്‍ ,
നാം തമ്മിലല്ലല്ലോ ഇണചേരുന്നത്.
നാം നഗ്നരാകുംപോള്‍,
നാമല്ലല്ലോ നഗ്നരാകുന്നത്.
നാം പുരുഷാരങ്ങളുടെ
സങ്കീര്‍ണ്ണമായ അവയവങ്ങള്‍.
ഉടലുകളുടെ കമ്പനങ്ങളില്‍
ഗുരുത്വാകര്‍ഷണം ഭേദിച്ച്,
ആകാശം പിളര്‍ന്ന്
തെറിച്ചുപോകുന്ന
സീല്‍ക്കാരങ്ങളിലൂടെ
എത്രയോ തവണ
നാം പരസ്പരം
മറികടന്നിരിക്കുന്നു.

ഓര്‍ത്തുനോക്കൂ
എത്രയോവട്ടം
അഴിച്ചഴിച്ചു കളഞ്ഞിട്ടും
എന്തുകൊണ്ടാണ്
ആടകള്‍
നമ്മുടെ
ഉടലുകളെ വിട്ടുപോകാത്ത്തത്..?

നാം ആദ്യം കണ്ടുമുട്ടിയ
ആ ഇടവഴി
ഇപ്പോഴും
നമ്മുടെ ഹൃദയങ്ങള്‍ക്ക്‌ കുറുകെ
വെയില്‍ വീഴാത്ത
വളവുകളുമായി
ഇഴഞ്ഞു നടക്കുന്നുണ്ട്.

5.7.2010

ഒരിക്കലെങ്കിലും, ശാലിനീ
നീ കോപിച്ചിട്ടുണ്ടോ എന്നോട്..?
ഒന്ന് കരഞ്ഞിട്ടുണ്ടോ നീ..?

പ്രണയത്തിന്റെ മഹാ സാഗരത്തില്‍,
ഏതു കടുത്ത ചുഴിയില്‍ തിരിഞ്ഞു തിരിഞ്ഞു
ശ്വാസം കിട്ടാതെ  മുങ്ങിപ്പോകുംപോഴും,
കരഞ്ഞിട്ടുണ്ടോ നീ..?

നമുക്കിന്നു
എത്ര അഴിഞ്ഞുപോയില്ലെങ്കിലും,
തൊലി പൊളിച്ചുകളയുന്ന
വേദനയുണ്ടാകിലും,
ഉരിഞ്ഞുകളയാം,
ഈ ആടകള്‍.
 ഒന്നുറക്കെ കരയാന്‍.

പരസ്പരം,
ഒട്ടിയൊട്ടിയങ്ങിനെ  ,
ഒന്നാകട്ടെ,
ഉടഞ്ഞുപോകും വരെ
നിറഞ്ഞു നില്‍ക്കുന്ന
ഒരു കണ്ണുനീര്‍ ശില്പംപോലെ
ഒറ്റ തുള്ളിയായി
ഒന്നിച്ചുരുണ്ട് വീണു
തകര്ന്നുപോകണം,
നമുക്കിന്നു. 


5.7.2010

"മരിച്ചവരുടെ വീട്ടി"ല്‍ നാം
ആദ്യമായുറങ്ങിയ രാത്രി ഓര്‍മ്മയുണ്ടോ നിനക്ക്,
ഇടുങ്ങിയ തെക്കേ മുറിയില്‍,
കറുത്ത ചാന്തിട്ട നിലത്തു,
അവിടവിടെ പൊട്ടിപ്പൊളിഞ്ഞ
മിനുസങ്ങളില്‍ കൈ പരതി
നീ പറഞ്ഞത് ഇന്നുമെന്റെ
കാതിലുണ്ട്.
"എന്റെ വിരലുകള്‍ തിരയുന്ന
ഈ പരുപരുപ്പാണ്  നീ " എന്ന്.

ചില്ലോടിന്റെ സുതാര്യതയിലൂടെ
അകത്തു പെയ്യുന്ന നിലാവില്‍
എത്ര ശോഭിച്ചിരുന്നു
നിന്റെ മുഖം

പടിഞ്ഞാട്ടുള്ള ചെറിയ
ജനലിലൂടെ
പുറത്തേക്ക് നോക്കിയിരുന്ന്
മേശപ്പുറത്തെ നിവര്‍ത്തിവെച്ച നോട്ടുപുസ്തകത്തില്‍
വെറുതെ പേനകൊണ്ട് കോറി വരയ്ക്കുകയായിരുന്നു  ഞാന്‍,
ഒരു വരയും,
അക്ഷരങ്ങളായി ഉരുണ്ടു വന്നില്ല.

ഒരു പ്രഭാതത്തിന്റെ
പ്രസരിപ്പ്,
അപ്പോഴേ നിന്റെ
ചൊടികളില്‍ കണ്ടിരുന്നു ഞാന്‍.

വീട് മാറി വരുമ്പോള്‍,
നാം
മനപ്പൂര്‍വ്വം
ഉപേക്ഷിച്ചിരുന്നു
ഒരു വിങ്ങല്‍.
നിന്നെ
ഉഴുതു മറിച്ച
ഒരോര്‍മ്മ.
 
11.03.2017
(ഒരു വല്യ ഇടവേളയ്ക്കു ശേഷം പുനരാരംഭിക്കുകയാണ്.)

(അവള്‍ തീര്‍ത്തും നിശ്ചലമായിരുന്നു.
ഞാനും.
ഇപ്പോള്‍ കാലത്തിന്റെ ഏതോ അടരില്‍
ഞങ്ങള്‍ ചുമര്‍ പായലുകളെപ്പോലെ
പുനര്ജ്ജനിച്ചിരിക്കുന്നു.)

നിശബ്ദതയുടെ മാത്രം ലോകമാണിത്.
ഉറുമ്പുകളുടെ ചലനത്തിന് പോലും
മഹാവിസ്ഫോടനത്തിന്റെ ഭയാനകമായ ശബ്ദം.

ഒരില മറ്റൊരിലയോട്
കാതില്‍ മൂളുന്നത് പോലും
ഒരു കടലിരമ്പം.
ഒരു പൂ വിടരുന്ന നിര്‍മ്മമമായ നിശബ്ദതക്കു പോലും
പര്‍വ്വതം പൊടിഞ്ഞമരുന്ന ശബ്ദം.

ഞാനെന്തിനാണ്
ഇത്രയധികം വാക്കുകള്‍
വെറും നിശബ്ദതക്കു വേണ്ടി നിരത്തി വെക്കുന്നത്?
ഒരു ഗാനത്തിനിടയില്‍
മുറിഞ്ഞു മുറിഞ്ഞു കിടക്കുന്ന
വിശാലമായ വര്ത്തമാനമാണ് നിശബ്ദത.